പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം; ജൂണ്‍ 2ന് ആദ്യ അലോട്ട്മെന്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള പ്രക്രിയ ഇന്ന് (ബുധനാഴ്ച) വൈകിട്ട് 4 മുതല്‍ ആരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍ സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https://hscap.kerala.gov.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്ലസ് വണ്‍ പ്രവേശനത്തിനായി എല്ലാ ഹൈസ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും ഹെല്പ് ഡെസ്കുകള്‍ ഒരുക്കിയിട്ടുണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 20 ആണ്. മെയ് 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ 2ന് ആദ്യ അലോട്ട്മെന്റും, ജൂണ്‍ 10ന് രണ്ടാം അലോട്ട്മെന്റും, ജൂണ്‍ 16ന് മൂന്നാം അലോട്ട്മെന്റും പ്രഖ്യാപിക്കും. ക്ലാസുകള്‍ ആരംഭിക്കുക ജൂണ്‍ 18ന് ആയിരിക്കും. പ്രാഥമിക അലോട്ട്മെന്റുകള്‍ക്കുശേഷം ഒഴിവുകള്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ചുള്ള സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ നികത്തും. ജൂലൈ 23ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകും.